കോങ്ങാട്: പതിമൂന്ന് വര്‍ഷത്തിനിടെ, നാലുലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച പരിസ്ഥിതിപ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്റെ പ്രവര്‍ത്തനം നിയോഗംപോലെ തുടരുകയാണ്. ഈ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അയ്യായിരത്തോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. റോഡരികിലും കനാല്‍വരമ്പുകളിലും താഴ്വരകളിലും നട്ടുപിടിപ്പിച്ച തണല്‍മരങ്ങള്‍ കൊടുംചൂടില്‍ തണലേകി ക്കൊണ്ടിരിക്കുന്നു.
പരിസ്ഥിതിപ്രവര്‍ത്തനത്തില്‍ മാത്രം ഒതുങ്ങുന്നില്ല, ഇദ്ദേഹത്തിന്റെ ഇടപെടല്‍. വിവിധ സംഘടനകളുമായി സഹകരിച്ച് പരിസ്ഥിതിബോധവത്കരണപ്രവര്ത്തനങ്ങളും തുടരുന്നു. ഒരു തൈ നട്ടുപിടിപ്പിച്ച് കൊട്ടിഘോഷിക്കുകയല്ല, ബാലന് ചെയ്യുന്നത്. അത് പരിപാലിക്കുകയെന്ന ശ്രമകരമായ ദൗത്യം കൂടി ഏറ്റെടുക്കുന്നു. വേനല്‍ക്കാലത്ത് തണ്ണീര്‍പ്പന്തലൊരുക്കി സൗജന്യ സംഭാരവിതരണവും നടത്തിവരുന്നുണ്ട്.മലപ്പുറത്തെ ഒരു സംഘടനയാണ് തൃശ്ശൂര്‍ മണ്ണുത്തി ഫാമില്‍നിന്ന് തൈകള്‍ ബാലന് നല്‍കിയത്.
സംസ്ഥാനസര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ്, സംസ്കൃതി അവാര്‍ഡ്, വൃക്ഷമിത്ര അവാര്‍ഡ് തുടങ്ങിയവയാണ് ബാലന്റെ നേട്ടങ്ങളില്‍ ചിലത്.